
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് മഴമുന്നറിയിപ്പ് പുതുക്കി. ഇന്ന് (ഞായർ) 12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഈ രണ്ട് ജില്ലകൾക്കും പ്രത്യേക മഴമുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.
തിങ്കളാഴ്ച (ഓഗസ്റ്റ് 3) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട്ട് തുടരും. അതേസമയം, ഓഗസ്റ്റ് 5, 6 തീയതികളിൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിൽ എട്ട് പേർക്ക് ജീവൻ നഷ്ടമായി. എട്ടുപേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ ചികിത്സയിലാണ്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും പല പ്രദേശങ്ങളിലും അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്തതോടെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ശക്തമായ മഴ രാത്രിയോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വലിയ ദുരിതം സൃഷ്ടിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും അധികൃതരും നിർദേശിച്ചു.











